featured
രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു ഇക്കാര്യം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബർ 21ന് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയതിനുശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ൽ ക്രൈസ്തവർക്കെതിരേ 505 അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തെങ്കിൽ 2022ൽ ഇതു 598 ആയി. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 123 അക്രമസംഭവങ്ങളുണ്ടായെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ വ്യാപക അക്രമങ്ങൾ നടക്കുന്നുണ്ട്.സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്ന അതേ സമയത്താണ് ആക്രമണങ്ങൾ വ്യാപിച്ചത്.
മതപരിവർത്തനം ആരോപിച്ച് പള്ളികളും പ്രാർത്ഥന കൂട്ടായ്മകളും നടക്കുന്ന ഹാളുകളും തകർക്കുക, പിന്നീട് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവർക്കെതിരെ കേസെടുക്കുക തുടങ്ങിയ 90 ശതമാനം ആക്രമണങ്ങൾക്കും ഒരേ സ്വഭാവമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയതിനു പിന്നാലെയാണ് പരാതിക്കാർ നിരീക്ഷണ സമിതി എന്ന ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയത്. ക്രൈസ്തവർക്കെതിരായ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നിരീക്ഷിക്കാൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ബംഗളൂരു ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര കൂടിക്കാഴ്ചക്കു ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം ഈജിപ്തിലെ, ‘അലക്സാണ്ട്രിയയിലെ പാപ്പ’യും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമനും നിലക്കൊണ്ടത് അപൂര്‍വ്വതയായി. ഇന്നലെ റോമിൽ സമയം രാവിലെ 9 മണി, ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 12.30- ആയിരുന്നു വത്തിക്കാന്‍ ചത്വരത്തില്‍ അത്യഅപൂര്‍വ്വമായ കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ”സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ രണ്ട് മാർപാപ്പമാർ” എന്ന വിശേഷണം നല്‍കിയിരിന്നു.
സമാധാനാശംസയോടുകൂടി പൊതു കൂടിക്കാഴ്ച പരിപാടിക്കു തുടക്കം കുറിച്ചതിനെ തുടർന്ന് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ പത്തുവർഷം മുമ്പ് ഇതേ തീയതിയിൽ ഫ്രാൻസിസ് പാപ്പ തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതിന് നന്ദി പറഞ്ഞു. തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതും ഈ സ്നേഹത്തിന്റെ സ്മരണ അനുവർഷം തങ്ങൾ “സാഹോദര്യസ്നേഹദിനം” ആയി ആചരിക്കുന്നതും പാത്രിയാർക്കീസ് അനുസ്മരിച്ചു. പാത്രിയാർക്കീസിൻറെ വാക്കുകളെ തുടർന്ന് ഫ്രാൻസിസ് പാപ്പ, പാത്രിയാർക്കീസ് തവദ്രോസിന് സ്വാഗതം ചെയ്തു.
പാത്രിയാർക്കീസിന്റെ സാന്നിധ്യം കൊണ്ട് സവിശേഷസ്വഭാവം കൈവരിച്ച ഒരു കൂടിക്കാഴ്ചയായിരുന്നതിനാൽ പാപ്പ പതിവു പ്രബോധനപരമ്പര മാറ്റിവയ്ക്കുകയും പാത്രിയാർക്കീസ് തവാദ്രോസിന്റെ സന്ദർശനത്തിൻറെ പ്രാധാന്യം എടുത്തുക്കാട്ടുകയുമായിരിന്നു. 1973-ൽ അന്നത്തെ പാപ്പയായിരിന്ന പോൾ ആറാമനും കോപ്റ്റിക്ക് സഭാതലവന്‍ ഷെനൂദ മൂന്നാമൻ പാപ്പയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഈ സംഭവത്തിൻറെ സ്മരണാർത്ഥം പാത്രിയാർക്കീസ് തവദ്രോസ് പത്തുവർഷം മുമ്പ്, തന്റെ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്കു ശേഷം മെയ് 10-ന് ആദ്യമായി കാണാൻ വന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.
കോപ്റ്റിക്ക് കത്തോലിക്ക സഭകളുടെ മൈത്രീദിനം എല്ലാ വർഷം മെയ് 10-ന് ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. ആ സമയം മുതൽ എല്ലാ വർഷവും അത് ഞങ്ങൾ ആഘോഷിക്കുന്നു. ഞങ്ങൾ പരസ്പരം ഫോണിൽ വിളിക്കുന്നു, ആശംസകൾ അയക്കുന്നു, ഞങ്ങൾ നല്ല സഹോദരന്മാരായി തുടരുന്നു, ഞങ്ങൾ വഴക്കിട്ടിട്ടില്ല! പ്രിയ സുഹൃത്തും സഹോദരനുമായ തവാദ്രോസ്, ഈ ഇരട്ട വാർഷികത്തിൽ എന്റെ ക്ഷണം സ്വീകരിച്ചതിന് നന്ദി. പരിശുദ്ധാത്മാവിന്റെ വെളിച്ചം അങ്ങയുടെ റോമിലേക്കുള്ള സന്ദർശനത്തെയും ഇവിടെ നടത്തുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ചകളെയും വിശിഷ്യ, നമ്മുടെ വ്യക്തിപരമായ സംഭാഷണങ്ങളെയും പ്രബുദ്ധമാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. ക്രിസ്തു വര്‍ഷം 42-ൽ സുവിശേഷകനായ മര്‍ക്കോസ് രൂപംകൊടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന കോപ്റ്റിക് സഭയുടെ കീഴില്‍ 10 മില്യണ്‍ വിശ്വാസികളാണുള്ളത്.
വത്തിക്കാന്‍ സിറ്റി: ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും പതിനേഴാമത് സംയുക്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മെയ് 12നു ഇത്തരത്തില്‍ ഒരു പ്രസ്താവന ഇരുവിഭാഗങ്ങളും ഇറക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വാർഷിക സമ്മേളനം ഇത്തവണ സംഘടിപ്പിക്കുന്നത്. “മാറാരോഗികളോട് യഹൂദരുടെയും, കത്തോലിക്കരുടെയും സമീപനം: വിലക്കപ്പെട്ടിരിക്കുന്നത്, നിയന്ത്രണം ഉള്ളത്, നിർബന്ധമുള്ളത്” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.
മാറാരോഗികളെ വിശ്വാസത്തോടും, ബഹുമാനത്തോടും, സ്നേഹത്തോടും കൂടി പരിചരിക്കുകയെന്നത് കത്തോലിക്കരെയും യഹൂദരെയും സംബന്ധിച്ചു വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും വിളക്ക് തെളിയിക്കുന്നത് പോലെയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ദയാവധവും, ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യകളും ഒരു വ്യക്തിയുടെ മരണം നിശ്ചയിക്കാനുള്ള ദൈവത്തിൻറെ അധികാരത്തിലുള്ള ക്രമവിരുദ്ധമായ മനുഷ്യരുടെ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി 2006ൽ ഇരുവിഭാഗങ്ങളും ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഇതും ഇത്തവണത്തെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടു.
2019 ഒക്ടോബർ മാസം വത്തിക്കാനിൽവെച്ച് യഹൂദ – ക്രൈസ്തവ – മുസ്ലിം മതങ്ങൾ തമ്മിൽ ദയാവധത്തിനെതിരെ സംയുക്തമായ ഒപ്പിട്ട പ്രസ്താവനയും ജെറുസലേമിലെ സമ്മേളനത്തിന്റെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വേദനയും, സഹനവും കുറയ്ക്കാൻ അനുകമ്പയോടെയുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും മരണത്തോട് അടുക്കുന്ന നിമിഷങ്ങളിൽ ഓരോ വ്യക്തിയുടെയും വിശ്വാസത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹസാര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ 20 അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്നദ്ധ സംഘടന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-ന് ചാവേര്‍ സ്ഫോടനത്തില്‍ സ്ഫോടനമേറ്റ് വൈദ്യസഹായം പോലും ലഭിക്കാതെ കിടന്ന കൗമാര പ്രായത്തിലുള്ള ഇരുപതോളം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ് (വിപിപി) എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഇടപെടലിലാണ് പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്. വി.പി.പിയുടെ സഹായത്തോടെ സുരക്ഷിതമായി സ്പെയിനിലെത്തിയ ഈ പെണ്‍കുട്ടികള്‍ റൂബര്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അന്നത്തെ ചാവേര്‍ സ്ഫോടനത്തില്‍ 46 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.
വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളായതും, കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായതിനാലുമാണ് പെണ്‍കുട്ടികള്‍ ആക്രമണത്തിനു ഇരയായതെന്ന്‍ ‘വിപിപി’യുടെ ലെജിസ്ലേറ്റീവ് ആന്‍ഡ് ഡിപ്ലോമാറ്റിക്ക് റിലേഷന്‍സ് ലെയിസണായ മാരിലിസ് പിനെയിരോ ചൂണ്ടികാട്ടി. വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ്ഗമാണ് അഫ്ഗാനിസ്ഥാനിലെ ഹസാരാസ്. താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ഇവര്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തിപ്പെട്ടു.
അധികാരം താലിബാന്റെ കൈയിലെത്തിയതുമുതല്‍ എണ്‍പത് ശതമാനത്തോളം (25 ലക്ഷം) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കഴിഞ്ഞുവെന്നാണ് യുനെസ്കോയുടെ കണ്ടെത്തല്‍. സുന്നി ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ് ഹസാരാസ്. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന ഹസാര പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനില്‍ പതിവാണ്. നിരാശയിലാണ്ടു കിടക്കുന്നിടത്തെ പ്രതീക്ഷയുടെ ചെറുകിരണം പോലെയാണ് ഈ പെണ്‍കുട്ടികളുടെ രക്ഷപ്പെടലെന്നു ‘വിപിപി’യുടെ സ്ഥാപകനും പ്രസിഡന്റുമായ ജേസണ്‍ ജോണ്‍സ് പറയുന്നു.
ഈ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുവാനും, അവരുടെ വിദ്യാഭ്യാസം തുടരുവാന്‍ പ്രാപ്തരാക്കിയതും സന്തോഷം പകരുന്നതായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെത്തിയ പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. ഇവര്‍ക്ക് സ്പെയിനില്‍ സ്ഥിരതാമസമാക്കുവാന്‍ വേണ്ട വിസ സ്പാനിഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നല്‍കുവാനും, അവരുടെ കുടുംബാംഗങ്ങളേയും സ്പെയിനില്‍ എത്തിക്കുവാനുമുള്ള ശ്രമത്തിലാണ് വി.പി.പി.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ അംഗീകരിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലവും, സജീവവുമായ കൗദാശിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ദ്ദിനാള്‍. സമീപകാല പഠനത്തില്‍ നൈജീരിയയിലെ മൂന്നു കോടിയോളം വരുന്ന കത്തോലിക്കരിലെ 94% ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായിരിന്നു. നൈജീരിയന്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ പിന്നില്‍ മൂന്ന്‍ പ്രധാന കാരണങ്ങള്‍ ഉണ്ടെന്നു എക്വുലോബിയ രൂപതയെ നയിക്കുന്ന അന്‍പത്തിയൊന്‍പതുകാരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ എബെരെ ഒക്പലകെ പറയുന്നു.
നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു. സമൂഹത്തിലും, ജീവിതത്തിലുമുള്ള ദൈവസാന്നിധ്യത്തെ അംഗീകരിക്കുന്ന പരമ്പരാഗത വീക്ഷണം നൈജീരിയന്‍ സമൂഹത്തിനുണ്ട്. ദൈനംദിന ജീവിതത്തില്‍ ആത്മീയതയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ചും, ദൈവീകതയ്ക്കു മനുഷ്യ ജീവിതത്തിലുമുള്ള പങ്കിനെക്കുറിച്ചുള്ള ഒരു പൊതുബോധ്യം നൈജീരിയന്‍ ജനതയ്ക്കുണ്ടെന്നും, ഈ പൊതുബോധ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കലായി പരിണമിച്ചതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും പണക്കാരും ദരിദ്രരും ഒരുപോലെ ദൈവത്തോടുള്ള ആഗ്രഹത്താല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു ദേവാലയമാണെന്ന ആത്മീയബോധം നൈജീരിയയില്‍ ശക്തമാണ്. അടുത്ത തലമുറക്ക് വിശ്വാസം പങ്കുവെക്കപ്പെടുന്ന പ്രാഥമിക സ്ഥലം കുടുംബമാണ്. നൈജീരിയയിലെ കത്തോലിക്കാ ഇടവകകളും, രൂപതകളും ജനങ്ങള്‍ക്ക് ഒരു ശക്തമായ കൂട്ടായ്മ ബോധവും, പരസ്പര സ്നേഹവും കൈമാറുന്നുണ്ട്. വെറും 3 വര്‍ഷം മാത്രം പ്രായമുള്ള തന്റെ രൂപതയില്‍ തന്നെ ഈ കൂട്ടായ്മബോധം കാണാമെന്നും കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു.
രൂപത തലത്തിലുള്ള ഒരു ധ്യാനകേന്ദ്രം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ദ്ദിനാള്‍. വിശുദ്ധ കുര്‍ബാനയിലെ ഉയര്‍ന്ന പങ്കാളിത്തം ഒരു സന്തോഷം പകരുന്ന കാര്യമാണെങ്കിലും അതൊരു വെല്ലുവിളി കൂടിയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ദൈവം നല്‍കിയ ഈ വരദാനം നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ആ വെല്ലുവിളി. ഒരുസമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ 100% ആളുകളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് ഒക്പാലകെയേ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.
ലോസ് ആഞ്ചലസ്: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി സംബന്ധിച്ച് ഗബ്രിയേല്‍ മാലാഖ മറിയത്തിന് നല്‍കിയ മംഗളവാര്‍ത്തയുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. “ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51) എന്ന പ്രമേയവുമായി നടന്നുകൊണ്ടിരിക്കുന്ന 3 വര്‍ഷം നീണ്ട ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25-നാണ് ആകെ മൊത്തം 6 മൈല്‍ നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ ദിവ്യകാരുണ്യ നാഥനെ അനുഗമിച്ചു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത മോണ്‍. ജോസ് ഗോമസ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്‍പായി മിഷന്‍ സാന്‍ ഗബ്രിയേലിലെ അനണ്‍സിയേഷന്‍ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ആദ്യ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയ വ്യക്തി നമ്മുടെ പരിശുദ്ധ കന്യകാമാതാവാണെന്നും അവളാണ് ആദ്യമായി യേശുവിനെ തെരുവുകളിലേക്കും, പിന്നീട് ലോകത്തിലേക്കും കൊണ്ടുവന്നതെന്നും വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. “മംഗളവാര്‍ത്തക്ക് ശേഷം മറിയം ധൃതിവെച്ച് തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ പോയി. മറിയത്തേകണ്ടപ്പോള്‍ എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറയുകയും അവളുടെ ഉദരത്തിലെ ശിശു സന്തോഷം കൊണ്ട് കുതിക്കുകയും ചെയ്തു. ആ സന്ദര്‍ശനമായിരുന്നു ആദ്യത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം. ഇന്നും നമ്മള്‍ ആ പാരമ്പര്യം തുടരുന്നുവെന്നും, നമ്മുടെ ജീവിതത്തില്‍ കാണുന്നവരോട് യേശുവിന്റെ സ്നേഹത്തിന്റെ സദ്‌വാര്‍ത്ത പങ്കിടുകയും, നമ്മുടെ നിത്യജീവിതത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയുമാണ് ദൈവം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മറിയത്തേപ്പോലെ തന്നെ ക്രിസ്തുവിന്റെ ഏറ്റവും അടുത്തവരായി മാറുവാന്‍ നമുക്കും കഴിയും എന്നത് മറക്കാതിരിക്കണമെന്ന് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ യേശുവിന്റെ ശരീരരക്തങ്ങളേയും, ആത്മാവിനേയും, ദിവ്യത്വത്തേയും ഉള്ളില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്, മറിയം അവളുടെ മേലങ്കിക്ക് കീഴില്‍ നമ്മളെ സംരക്ഷിക്കട്ടേ എന്ന വാക്കുകളോടെയാണ് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2022 ജൂണില്‍ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ നവീകരണ പരിപാടി 2025 ജൂണിലാണ് അവാസാനിക്കുക. ഇതിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ച് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസും സംഘടിപ്പിക്കുന്നുണ്ട്.
ഇതാ, കര്‍ത്താവിന്‍റെ പേടകം പുതിയൊരു കാളവണ്ടിയില്‍ വരുന്നു. ആ സാന്നിധ്യത്തില്‍ ദാവീദ് പരിസരം മറക്കുകയാണ്-ആത്മവിസ്മൃതിയിലാണ്ട് ഉന്മത്തനെപ്പോലെ.
താന്‍ ഇസ്രായേലിന്‍റെ രാജാവാണ്, വേണ്ടത്ര വസ്ത്രങ്ങള്‍ പോലും ധരിച്ചിട്ടില്ല; കുറെയേറേ സ്ത്രീകളും പെണ്‍കുട്ടികളും തന്‍റെ ചുറ്റുമുണ്ട്. പക്ഷേ, തന്നെത്തന്നെ മറന്ന് ആനന്ദലഹരിയിലായ രാജാവ് സര്‍വ്വശക്തിയോടും കൂടി പേടകത്തിനു മുമ്പില്‍ പിള്ളേരെപ്പോലെ തുള്ളിച്ചാടി നൃത്തം ചെയ്തു, ഏതാണ്ട് ആഭാസനെപ്പോലെ (2 സാമുവേല്‍ 6:4-20).
എന്താണു കാരണം? കര്‍ത്താവിന്‍റെ വചനം, തിരുവചനം വരുന്നു. ആ ദിവ്യദര്‍ശനത്തില്‍ ഉള്ളിലൊതുക്കാന്‍ പറ്റാത്ത സന്തോഷം മൂലം ദാവീദ് സര്‍വ്വതും മറക്കുകയാണ്-അവനല്ലതായി മാറുകയാണ്.
ഏതാണ്ട് ഇതുപോലൊരു രംഗമാണ് 1223 ഡിസംബര്‍ 25 ലുണ്ടായത്-ഗ്രേച്ചിയോ ഗ്രാമത്തിലെ ജോണ്‍ വെലീത്തായുടെ തൊഴുത്തില്‍. യേശു ജനിച്ചതുപോലൊരു തൊഴുത്ത്. കാളകള്‍, കഴുതകള്‍ ! അവിടെ പുല്‍ത്തൊട്ടിയില്‍ ആദിയിലെന്നപോലെ ഉണ്ണീശോയുടെ രൂപം! ചുറ്റും ജനക്കൂട്ടം… ഫ്രാന്‍സീസ് എല്ലാം മറന്നുപോയി… തന്നെത്തന്നെയും, മറന്ന് അവന്‍ ആനന്ദ നൃത്തം ചെയ്തു-ദാവീദിനെപ്പോലെ.
ദാവീദിന്‍റെ മുമ്പിലെത്തിയതു കര്‍ത്താവിന്‍റെ എഴുതപ്പെട്ട വചനമായിരുന്നെങ്കില്‍, ഫ്രാന്‍സീസിന്‍റെ മുമ്പില്‍ ജീവനുള്ള ദൈവവചനത്തിന്‍റെ തിരുസാന്നിദ്ധ്യമായിരുന്നു. രണ്ടിടത്തും നിറവ്, ആനന്ദലഹരി.
വാസ്തവത്തില്‍ അതായിരുന്നു ആദ്യത്തെ ക്രിസ്മസ്. സമ്പൂര്‍ണ്ണ സന്തോഷത്തിന്‍റെ, സമൃദ്ധമായ ദൈവാനുഭവത്തിന്‍റെ ദിവസം. അതാണ് മാലാഖമാര്‍ ആകാശങ്ങളില്‍ അലയടിക്കുമാറു പാടിയത്; “ഇതാ സകല ജനത്തിനുമുള്ള മഹാ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത”(ലൂക്കാ:2:10). അതു കേട്ട ആട്ടിടയര്‍ അതിവേഗം ബെത്ലഹേമിലേക്കു നീങ്ങി-ആ വലിയ സന്തോഷത്തില്‍ പങ്കു ചേരുവാന്‍. തണുപ്പോ ഉറക്കമിളപ്പോ അവരെ അലട്ടിയില്ല. ആ അദ്ഭുത ശിശുവിനെ നിര്‍ന്നിമേഷരായി നോക്കിനിന്നു കണ്ട്, തികഞ്ഞ സന്തോഷത്തോടെ അവര്‍ തിരിച്ചു പോന്നു. മാത്രമല്ല ആ വലിയ സന്തോഷവാര്‍ത്ത തങ്ങള്‍കണ്ടുമുട്ടിയവരോടെല്ലാം അവര്‍ പങ്കു വച്ചു.
എന്തായിരുന്നു ആ സദ്വാര്‍ത്ത? ‘ആദത്തിന്‍റെ അപരാധത്തെ അനുഗ്രഹമാക്കി’പ്പകര്‍ത്തിക്കൊണ്ട് ഒരു രക്ഷകന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു! പാപം മൂലം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ ദൈവത്തെ മനുഷ്യനു തിരിച്ചുകിട്ടിയിരിക്കുന്നു. ആദത്തിന്‍റെ തെറ്റു മൂലം മങ്ങിപ്പോയ പ്രകാശം-മുങ്ങിപ്പോയ സന്തോഷം ഇതാ വീണ്ടും ഉദിച്ചുയര്‍ന്നിരിക്കുന്നു. അതിന്‍റെ അനുസ്മരണ ഉണര്‍ന്നപ്പോഴാണ് ഫ്രാന്‍സീസ് എല്ലാം മറന്ന് ആനന്ദനൃത്തം ചെയ്തത്-ഫിലിസ്ത്യരും മറ്റും തട്ടിയെടുത്തതുമൂലം നഷ്ടപ്പെട്ടുപോയ പേടക (1 സാമുവല്‍.5) ത്തിന്‍റെ പുനര്‍ദര്‍ശനത്തില്‍ മതിമറന്നു സന്തോഷിച്ച ദാവീദിനെപ്പോലെ.
എന്തിലാ ണ് ്ഈ അവാച്യമായ നിറവും നിര്‍വൃതിയും? അതു യേശു പഠിപ്പിച്ചതുപോലെ സമ്പാദ്യങ്ങളുടെ സമൃദ്ധിയിലല്ലാ(ലൂക്കാ.12:15). എത്ര കിട്ടിയാലും തൃപ്തി വരാത്തവന്‍ ഒരിക്കലും സന്തുഷ്ടനല്ല. അരൂപിയില്‍ ദരിദ്രര്‍ എന്ന തിരുവചനത്തിന് ഒത്തിരിയേറെ ആഴങ്ങളുണ്ട്. എത്ര വലിയ ദരിദ്രരാണെങ്കിലും, അരൂപിയില്‍ ദരിദ്രനല്ലെങ്കില്‍ അവന്‍ ദരിദ്രനേയല്ല, സന്തുഷ്ടനുമല്ല. അതുപോലെതന്നെ സമ്പന്നനും. അരൂപിയില്‍ ദാരിദ്ര്യമുണ്ടെങ്കിലേ യഥാര്‍ത്ഥസന്തോഷവും സൗഭാഗ്യവും അനുഭവിക്കാനാവൂ.
ഒരു മനുഷ്യനു ലഭിക്കാവുന്നതെല്ലാം കൈക്കലാക്കിയാലും, ലോകം മുഴുവന്‍ നേടിയാലും (മത്താ: 16: 26), മന:സമാധാനമില്ലെങ്കില്‍ ഒന്നും നേടിയതുപോലെ തോന്നുകയില്ല. ലോകത്തിനു പ്രദാനം ചെയ്യാന്‍ കഴിയാത്ത(യോഹ: 14:27)യേശുവിനു മാത്രം നല്കാന്‍ കഴിയുന്ന ഒന്നാണ് സമാധാനവും അതോടു ചേര്‍ന്നു പോകുന്ന സന്തോഷവും. അതാണ് മാലാഖമാര്‍ പറഞ്ഞതും പാടിയതുമൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ (ലൂക്കാ 2:11-14) നമുക്കു കിട്ടുക.
അന്നുണ്ടായിരുന്ന സമ്പന്നര്‍ക്കും പ്രമാണികള്‍ക്കുമല്ല പാവപ്പെട്ട ആട്ടിടയര്‍ക്കാണ് ആ ഭാഗ്യം സിദ്ധിച്ചത്-നിരക്ഷരകുക്ഷികളായ, ഗ്രാമീണശാലീനതയുടെ നിറകുടങ്ങളായ ആട്ടിടയര്‍ക്ക്.
ഭൗമികസമൃദ്ധിയിലല്ല യഥാര്‍ത്ഥ സന്തോഷം എന്നു ദാവീദും അനുഭവിച്ചറിഞ്ഞു. ഉറിയായുടെ ഭാര്യയെക്കൂടി കിട്ടിയാല്‍ (2.സാമുവല്‍ 11) സന്തുഷ്ടനായെന്നു കരുതിയവന്‍ പൂര്‍വ്വോപരി അസ്വസ്ഥനാവുകയായിരുന്നു (2സാമു. 11:27-12:12).
കര്‍ത്താവ് ചൊരിഞ്ഞ് ഒഴുക്കിയെങ്കില്‍ മാത്രമേ നമ്മുടെ ഹൃദയം നിറയുകയുള്ളൂ. അതാണ് പിന്നീട് അവന്‍ ഇങ്ങനെ പാടിയത്.”ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍ ഉണ്ടാകുന്നതിലേറെ ആനന്ദം അവിടുന്ന് എന്‍റെ ഹൃദയത്തില്‍ നിക്ഷേപിച്ചു (സങ്കി. 4-7 ).
ക്രിസ്മസ് ദിവസം പടിഞ്ഞാറന്‍ നാടുകളില്‍ എല്ലാവരും ഇത്തിരി തിന്നുകുടിച്ചു സന്തോഷിക്കാറുണ്ട്. ധൂര്‍ത്തപുത്രന്‍റെ പുന:സമാഗമത്തില്‍ ദാസന്മാരും ദാസികളുമൊപ്പം പിതാവും അങ്ങനെ ചെയ്തില്ലേ(ലൂക്കാ: 15:23)?
പക്ഷേ, ദാവീദുപാടിയതുപോലെ ക്രിസ്മസ് ദിവസം വീഞ്ഞുകൂടാതെതന്നെ അതിലും കൂടുതല്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയാണ് ഫ്രാന്‍സീസ്. അതാണ് ക്രിസ്മസിന്‍റെ നിറവില്‍ എല്ലാം മറന്ന് അവന്‍ ആനന്ദനൃത്തം ചെയ്തത്. ഇതാ, ഒന്നുമില്ലാത്തവന്‍റെ – യേശുവിനെപ്രതി എല്ലാം- തന്നെത്തന്നെയും, നഷ്ടപ്പെടുത്തിയവന്‍റെ സന്തോഷം കണ്ടോ?
അത്തരക്കാരാണ്, തന്നെത്തന്നെയും നഷ്ടപ്പെടുത്തുന്നവരാണ്, അതു പ്രാപിക്കുക എന്നത്രേ ഫുള്‍ട്ടന്‍ ഷീനും കൂട്ടിച്ചേര്‍ക്കാനുള്ളത്:(He who loses himself finds himself and finds his happiness)
അതാണ് ദാവീദ് വിഭാവനം ചെയ്ത യഥാര്‍ത്ഥ സന്തോഷം(സങ്കീ: 4:7), വി.ഫ്രാന്‍സീസ് പ്രാപിച്ച സന്തോഷം, പുല്‍ത്തൊട്ടിയിലെ ഉണ്ണി പ്രദാനം ചെയ്യുന്ന സന്തോഷം. അതു ലഭ്യമാക്കാനായിരിക്കട്ടെ ഇന്നത്തെ നമ്മുടെ തീവ്രശ്രമവും.
Popular Posts
-
വത്തിക്കാന്‍ സിറ്റി: ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിന...
-
You Might Also Like വിശുദ്ധ തിമോത്തിയോസും തീത്തൂസും വിശുദ്ധ പൗലോസിന്റെ മാനസാന്തരം വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് Share this Article...
-
രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ...